Monday, January 10, 2011

മരണമൊഴി

കാശം കടലിനടിയിലാണെന്ന പാഠത്തിന്
സ്നേഹത്തിന്റെ കയ്പ്

ചോര വീണുചുവന്ന മഞ്ഞിലും ഉരുകാത്ത വെയിലിന്
വിപ്ളവത്തിന്റെ ചവര്‍പ്പ്

ആസക്തികളില്‍ സ്വയം നഷ്ടപ്പെടരുതെന്ന മുന്നറിയിപ്പിന്
വെറുപ്പിന്റെ ഉപ്പ്

രുചിയറിഞ്ഞു പിരിയുമ്പോള്‍
കുഴിഞ്ഞു താണ കണ്ണുകള്‍ക്ക്
സ്വപ്നത്തിന്റെ ശൂന്യത

പിന്നില്‍ നിന്നു പാഞ്ഞുവന്ന അമ്പ്
നിന്റേതായിരുന്നെന്ന തിരിച്ചറിവില്‍
പ്രണയത്തിന്റെ ആത്മഹത്യ

പീള കെട്ടി കാഴ്ച മങ്ങാതിരിക്കാന്‍
കണ്ണുകളിനി അടയാതിരിക്കണം
ഇമപോലുംവെട്ടാതെ തുറന്നേയിരിക്കണം

Wednesday, January 5, 2011

മൃതസഞ്ജീവനി



ങ്ങല തുരുമ്പിച്ചതെങ്കിലും പൊട്ടിയിട്ടില്ല;
മുറിവില്‍നിന്നൊഴുകിപ്പരന്ന ചോര കറുത്തു കട്ടപിടിച്ചിട്ടും
മണം ചുടുരക്തത്തിന്റേതു തന്നെ.

ഏഴു കടലും കടന്നെത്തുന്ന  രാജകുമാരനെ കാത്തിരുന്ന്
ഓരോ അന്തേവാസിയും പടിയിറങ്ങിപ്പോയി,
ആകാശവും കടലും കൈകോര്‍ക്കുന്ന ഏതോ ദ്വീപിലേയ്ക്ക്...

എനിക്കു പോകേണ്ടത് ആകാശത്തിലേയ്ക്കാണ്
കാണുന്നില്ലല്ലോ മേലേയ്ക്കുള്ള പടികള്‍ ...

എന്ത്.! ഞാനേറ്റവും മേലെയാണെന്നോ?
ഇനി ഇറക്കം മാത്രമേ ഉള്ളൂവെന്നോ?

കാണുന്നുണ്ടു ഞാന്‍ നിലാവു കരിയുന്നത് ...
കേള്‍ക്കുന്നുണ്ട് വെയിലു കരയുന്നത് ....

ഇനി ഞാന്‍ കെട്ടുന്നുണ്ട്; ഓരോ സ്വപ്നവും പെറുക്കിവെച്ച്
ഒരു കോണിപ്പടി;
നിന്നിലെ നീലിമയിലേയ്ക്ക്...

Friday, November 12, 2010

അലച്ചില്‍


നിന്നിലെ ഓര്‍മ്മയില്‍ പൂത്തുനിന്നീടുന്നൊ-
രെന്നിലേയ്കെത്തുവാന്‍ നാളുകാക്കുന്നുവോ
എന്നില്‍ പടരും നിന്നാത്മപരാഗങ്ങള്‍
തൊട്ടറിഞ്ഞീടുവാന്‍ കാതമെണ്ണുന്നുവോ
വരികെന്‍റെ ചില്ലകളിലെന്നും തളിര്‍ക്കുവാന്‍ ....

വരികെന്‍റെ സ്വപ്നത്തിലെന്നും വിടരുവാന്‍
വരികെന്‍റെ ജീവനിലെന്നും പടരുവാന്‍
വരിക നീ ഞാന്‍ തേടിയലയുന്ന കവിതേ"

"വെറുതേയലഞ്ഞു ഞാനെന്നെയും തേടിയീ
കരിയിലക്കാട്ടിലും ശിശിരകാലത്തിലും
ഒടുവില്‍ നിന്നോര്‍മ്മതന്നുണ്മയായീടുന്ന
എന്നിലേയ്ക്കെത്തവേ പൂത്തുനില്‍ക്കുന്നു ഞാന്‍ 

വരികയാണു ഞാന്‍ നിന്നില്‍ തളിര്‍ക്കുവാന്‍
വരികയാണു ഞാന്‍ നിന്നിലടിയുവാന്‍
ഒടുവിലഗ്നിയായ് ആളിപ്പടരുവാന്‍
കവിതയായ് നിന്നിലുരുകിത്തെളിയുവാന്‍"

പുതിയതീ വാനം പുതിയതീ ഭൂമി
പുതിയതെനിയ്ക്കിനി സകലതും.............